11:43am 06 November 2026
NEWS
അഭിരാം കൊലപാതകം: മൃതദേഹം ചാക്കിലാക്കി കടത്താൻ പദ്ധതിയിട്ടു; 30 രൂപയ്ക്ക് ചാക്ക് വാങ്ങി; മഴയിൽ പദ്ധതി പൊളിഞ്ഞു
06/11/2026  10:03 AM IST
nila
അഭിരാം കൊലപാതകം: മൃതദേഹം ചാക്കിലാക്കി കടത്താൻ പദ്ധതിയിട്ടു; 30 രൂപയ്ക്ക് ചാക്ക് വാങ്ങി; മഴയിൽ പദ്ധതി പൊളിഞ്ഞു

 

തിരുവനന്തപുരം: പാങ്ങപ്പാറയിലെ പ്ലസ് വൺ വിദ്യാർഥി അഭിരാമിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറ്റൊരിടത്തെത്തിച്ച് നശിപ്പിക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പൊലീസിന് നിർണായക വിവരം. കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി ഉമറിന്റെ കാമുകി ഐശ്വര്യ നൽകിയ മൊഴിയിലാണ് കൊലപാതകത്തിന് ശേഷമുള്ള പ്രതികളുടെ നീക്കങ്ങൾ പുറത്തുവന്നത്.

അഭിരാമിന്റെ മരണം ഉറപ്പാക്കിയതിനു പിന്നാലെ ഒന്നാം പ്രതിയായ 17കാരൻ ശ്രീകാര്യത്തെ ആക്രിക്കടയിലെത്തി 30 രൂപ നൽകി പ്ലാസ്റ്റിക് ചാക്ക് വാങ്ങിയിരുന്നു. മൃതദേഹം ചാക്കിലാക്കി വാഹനത്തിൽ മറ്റൊരിടത്തേക്ക് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ രാത്രിയിലുണ്ടായ ശക്തമായ മഴ കാരണം പദ്ധതി നടപ്പാക്കാനായില്ല. ഇതോടെ മൃതദേഹം ചാക്കിലാക്കി കൊലപാതകം നടന്ന കാടുപിടിച്ച വിജനമായ സ്ഥലത്തുതന്നെ ഉപേക്ഷിച്ച് പ്രതികൾ മടങ്ങുകയായിരുന്നു.

ആക്രിക്കടയിലെത്തിയ 17കാരനെ കടയുടമ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, കേസിൽ ഇതുവരെ അറസ്റ്റിലായ നാലുപേരും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്ന് പൊലീസ് പറയുന്നു. കാപ്പ കേസിൽ പ്രതിയായിരുന്ന 22കാരനായ ഉമറാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

കൊലപാതകത്തിന് പിന്നിലെ വൈരാഗ്യത്തെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്. അഭിരാമിനെയും തന്നെയും ആക്രമിക്കുമെന്ന് പ്രതികൾ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി അഭിരാമിന്റെ സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്. ചില സ്വകാര്യ ദൃശ്യങ്ങൾ പുറത്തായതാണ് തർക്കങ്ങൾക്ക് കാരണമെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ മൊഴി അന്വേഷണ സംഘം പൂർണമായി വിശ്വസിച്ചിട്ടില്ല.

മരിച്ച അഭിരാമിന്റെയും പ്രതികളുടെയും മൊബൈൽ ഫോണുകൾ കണ്ടെത്താൻ കഴിയാത്തതാണ് അന്വേഷണത്തിലെ പ്രധാന വെല്ലുവിളി. പ്രതികൾ സംഭവസ്ഥലത്തേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. കാമറകളില്ലാത്ത ഉൾവഴികളിലൂടെയാണ് സംഘം സ്ഥലത്തെത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സംഭവസമയത്ത് വീട്ടിലായിരുന്നുവെന്ന് വരുത്തിത്തീർക്കാൻ ഉമർ സ്വന്തം മൊബൈൽ ഫോൺ വീട്ടിൽ ഓണാക്കി വച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പൊലീസിന്റെ സംശയം ഒഴിവാക്കാനുള്ള നീക്കമായിരുന്നു ഇതെന്നാണ് വിലയിരുത്തൽ.

ഒന്നാം പ്രതിയായ 17കാരനൊപ്പം മുൻപ് നടന്ന മോഷണക്കേസുകളിലും ഉമറായിരുന്നു പ്രധാന സൂത്രധാരനെന്ന് പൊലീസ് പറയുന്നു. ആശയവിനിമയത്തിന് ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ 17കാരനോട് നിർദേശിച്ചതും ഉമറാണെന്നാണ് വിവരം. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഒപ്പം കൂട്ടി നിരവധി മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും പൊലീസ് ആരോപിക്കുന്നു.

ഉമർ ഒറ്റയ്ക്ക് നടത്തുന്ന മോഷണങ്ങൾക്കും പ്രത്യേക രീതിയുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വീടുകളുടെ വാതിൽ തകർത്തു മാത്രമാണ് അകത്തുകടക്കാറുള്ളത്. അക്രമസ്വഭാവത്തോടെയാണ് മോഷണം നടത്തുന്നതെന്നും അന്വേഷണ സംഘം പറയുന്നു. അഭിരാം കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയും പ്രതികൾ തമ്മിലുള്ള പങ്കും വ്യക്തമാക്കാനുള്ള അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img